1 “ഇതാ, എനിക്കുമുമ്പേ വഴിയൊരുക്കേണ്ടതിന് ഞാൻ എന്റെ സന്ദേശവാഹകനെ അയയ്ക്കും. നിങ്ങൾ അന്വേഷിക്കുന്ന കർത്താവ് പെട്ടെന്നുതന്നെ തന്റെ ആലയത്തിലേക്ക് വരും; നിങ്ങൾ ഇഷ്ടപ്പെടുന്നവനായ ഉടമ്പടിയുടെ ദൂതൻ വരും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
2 എന്നാൽ അവിടത്തെ വരവിന്റെ ദിവസത്തെ ആർക്ക് അതിജീവിക്കാൻ കഴിയും? അവിടന്നു പ്രത്യക്ഷനാകുമ്പോൾ ആർക്ക് അവിടത്തെ മുമ്പിൽ നിൽക്കാൻ കഴിയും? കാരണം അവിടന്ന് ഉലയിലെ അഗ്നിപോലെയും അലക്കുകാരന്റെ കാരംപോലെയും ആയിരിക്കും. 3 വെള്ളി ഉലയിൽ ശുദ്ധിവരുത്തുന്നവനെപ്പോലെ അവിടന്ന് ലേവിപുത്രന്മാരെ ശുദ്ധീകരിക്കും, സ്വർണംപോലെയും വെള്ളിപോലെയും അവിടന്ന് അവരെ നിർമലീകരിക്കും. അങ്ങനെ അവർ ഒരിക്കൽക്കൂടി യഹോവയ്ക്ക് നീതിയിൽ യാഗങ്ങൾ അർപ്പിക്കുന്നവരായിത്തീരും. 4 അപ്പോൾ യെഹൂദയുടെയും ജെറുശലേമിന്റെയും വഴിപാട് പുരാതനകാലത്തു കഴിഞ്ഞുപോയ ദിവസങ്ങൾപോലെ യഹോവയ്ക്കു പ്രസാദകരമാകും.
5 “ഞാൻ നിന്നെ വിസ്തരിക്കുന്നതിനായി അടുത്തുവരും. ആഭിചാരകർ, വ്യഭിചാരികൾ, കള്ളശപഥംചെയ്യുന്നവർ. വേലക്കാരെ കൂലിയിൽ വഞ്ചിക്കുന്നവർ, വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർ, എന്നെ ഭയപ്പെടാതെ പ്രവാസികളുടെ ന്യായം മറിച്ചുകളയുന്നവർ എന്നിവർക്കെല്ലാം എതിരേ ഞാൻ ഉടൻതന്നെ സാക്ഷ്യംപറയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
6 “യഹോവയായ ഞാൻ മാറ്റമില്ലാത്തവൻ. അതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപോകാതിരിക്കുന്നു. 7 നിങ്ങളുടെ പൂർവികരുടെ കാലംമുതൽ എന്റെ ഉത്തരവുകളിൽനിന്ന് നിങ്ങൾ വ്യതിചലിച്ചു; അവയെ പ്രമാണിച്ചതുമില്ല. എന്റെ അടുക്കലേക്ക് മടങ്ങിവരുക, അപ്പോൾ ഞാൻ നിങ്ങളുടെ അടുക്കലേക്കു മടങ്ങിവരും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
8 “മനുഷ്യൻ ദൈവത്തെ കൊള്ളയടിക്കുമോ? എന്നാൽ നിങ്ങൾ എന്നെ കൊള്ളചെയ്യുന്നു.
13 “നിങ്ങൾ എനിക്കെതിരേ മോശമായ കാര്യങ്ങൾ സംസാരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
14 “ ‘ദൈവത്തെ സേവിക്കുന്നത് വ്യർഥമാണ്. സൈന്യങ്ങളുടെ യഹോവയുടെ കാര്യം അന്വേഷിച്ച്, അവിടത്തെ മുമ്പാകെ ദുഃഖാചരണം നടത്തുന്നവരെപ്പോലെ നടക്കുന്നതുകൊണ്ട് എന്തു പ്രയോജനം?’ എന്നു നിങ്ങൾ പറഞ്ഞു. 15 ‘എന്നാൽ ഇപ്പോൾ അഹങ്കാരികളെ ഞങ്ങൾ അനുഗൃഹീതർ എന്നു വിളിക്കുന്നു. ദുഷ്കർമികൾ അഭിവൃദ്ധിപ്രാപിക്കുന്നു; മാത്രമല്ല, അവർ ദൈവത്തെ വെല്ലുവിളിച്ചാലും ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യുന്നു,’ എന്നു നിങ്ങൾ പറയുന്നു.”
16 എന്നാൽ, യഹോവാഭക്തർ പരസ്പരം സംസാരിച്ചു, യഹോവ ശ്രദ്ധയോടെ കേട്ടു. യഹോവയെ ഭയപ്പെടുന്നവർക്കും അവിടത്തെ നാമം ബഹുമാനിക്കുന്നവർക്കുംവേണ്ടി അവിടത്തെ സന്നിധിയിൽ ഒരു സ്മരണയുടെ ചുരുൾ എഴുതിവെച്ചിരിക്കുന്നു.
17 സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ ഉണ്ടാക്കാനുള്ള ദിവസത്തിൽ അവർ എനിക്ക് ഒരു അവകാശനിക്ഷേപമായിരിക്കും. പിതാവ് തനിക്കു ശുശ്രൂഷചെയ്യുന്ന പുത്രനെ കരുണയോടെ സംരക്ഷിക്കുന്നതുപോലെ ഞാൻ അവരെ സംരക്ഷിക്കും. 18 അപ്പോൾ നീതിനിഷ്ഠരും ദുഷ്ടരും തമ്മിലും ദൈവത്തെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുമുള്ള വ്യത്യാസം നിങ്ങൾ വീണ്ടും കാണും.
<- മലാഖി 2മലാഖി 4 ->