1 യിരെമ്യാവ് ഈ കാര്യങ്ങൾ പ്രവചിക്കുന്നത് ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിലെ പ്രധാന ചുമതലക്കാരനുമായ പശ്ഹൂർപുരോഹിതൻ കേട്ടു. 2 അപ്പോൾ പശ്ഹൂർ യിരെമ്യാപ്രവാചകനെ അടിപ്പിക്കുകയും അദ്ദേഹത്തെ യഹോവയുടെ ആലയത്തിനു സമീപമുള്ള ബെന്യാമീൻകവാടത്തിന്റെ മുകൾഭാഗത്തുള്ള വിലങ്ങിൽ ബന്ധിക്കാൻ ഉത്തരവിടുകയും ചെയ്തു. 3 അടുത്തദിവസം പശ്ഹൂർ യിരെമ്യാവിനെ വിലങ്ങഴിച്ചു വിട്ടപ്പോൾ യിരെമ്യാവ് അയാളോട് ഇപ്രകാരം പറഞ്ഞു, “യഹോവ നിന്നെ വിളിച്ചിരിക്കുന്ന പേര് പശ്ഹൂർ എന്നല്ല, മാഗോർ-മിസ്സാബീബ്[a] എന്നാകുന്നു. 4 കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ നിനക്കും നിന്റെ സകലസ്നേഹിതർക്കും ഒരു ഭീതിയാക്കിത്തീർക്കും; നിന്റെ കണ്ണുകൾ നോക്കിക്കൊണ്ടിരിക്കെ അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും. ഞാൻ യെഹൂദയെ മുഴുവൻ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അദ്ദേഹം അവരെ തടവുകാരാക്കി ബാബേലിലേക്കു കൊണ്ടുപോകുകയോ വാളിനാൽ കൊലപ്പെടുത്തുകയോചെയ്യും. 5 ഈ പട്ടണത്തിലെ സകലസമ്പത്തും— അതിലെ സകല ഉത്പന്നങ്ങളും വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും എല്ലാ നിധികളും യെഹൂദാരാജാക്കന്മാരുടെ സകലനിക്ഷേപങ്ങളും ഞാൻ അവരുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിക്കും. അവർ അവയെ കൊള്ളമുതലായി ബാബേലിലേക്കു കൊണ്ടുപോകും. 6 പശ്ഹൂരേ, നീയും നിന്റെ ഭവനത്തിൽ വസിക്കുന്ന എല്ലാവരും ബാബേലിലേക്ക് പ്രവാസികളായി പോകേണ്ടിവരും. നീയും നീ വ്യാജപ്രവചനം അറിയിച്ച നിന്റെ എല്ലാ സ്നേഹിതരും അവിടെ മരിച്ച് അടക്കപ്പെടും.’ ”
യിരെമ്യാവിന്റെ പരാതി
7 യഹോവേ, അങ്ങ് എന്നെ പ്രലോഭിപ്പിച്ചു;[b] ഞാൻ പ്രലോഭിതനാകുകയും ചെയ്തു.