13 സർവ്വസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോട് സംസാരിച്ച് സമാധാനം അറിയിക്കുവാൻ ആളയച്ച്. 14 അപ്പോൾ ബെന്യാമീന്യർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽ, അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്ക് കൊടുത്തു; 15 അവർക്ക് തികയാൻ മാത്രം സ്ത്രീകൾ ഇല്ലായിരുന്നു. യഹോവ യിസ്രായേൽ ഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്ക കൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ച് ദുഃഖിച്ചു.
16 “ശേഷിച്ചവർക്ക് സ്ത്രീകളെ കിട്ടേണ്ടതിന് നാം എന്ത് ചെയ്യേണ്ടു? ബെന്യാമീൻ ഗോത്രത്തിൽ സ്ത്രീകൾ ഇല്ലാതെ പോയല്ലൊ” എന്ന് സഭയിലെ മൂപ്പന്മാർ പറഞ്ഞു. 17 “യിസ്രായേലിൽനിന്ന് ഒരു ഗോത്രം നശിച്ചുപോകാതിരിക്കേണ്ടതിന് ബെന്യാമീന്യരിൽ രക്ഷപ്പെട്ടവർക്ക് അവരുടെ അവകാശം നിലനില്ക്കേണം. 18 എങ്കിലും നമുക്ക് നമ്മുടെ പുത്രിമാരെ അവർക്ക് ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യർക്ക് സ്ത്രീയെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് യിസ്രായേൽ മക്കൾ ശപഥം ചെയ്തിരിക്കുന്നുവല്ലോ” എന്നും അവർ പറഞ്ഞു. 19 അപ്പോൾ അവർ: “ബേഥേലിന് വടക്കും, ബേഥേലിൽനിന്ന് ശെഖേമിലേക്ക് പോകുന്ന പെരുവഴിക്ക് കിഴക്കും ലെബോനെക്ക് തെക്കും ഉള്ള ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ” എന്ന് പറഞ്ഞു. 20 ആകയാൽ അവർ ബെന്യാമീന്യരോട്: “നിങ്ങൾ ചെന്ന്, മുന്തിരിത്തോട്ടങ്ങളിൽ പതിയിരിപ്പിൻ. 21 ശീലോവിലെ കന്യകമാർ നിരനിരയായി നൃത്തംചെയ്‌വാൻ പുറപ്പെട്ട് വരുമ്പോൾ, മുന്തിരിത്തോട്ടങ്ങളിൽനിന്ന് വന്ന് ഓരോരുത്തൻ ശീലോവിലെ കന്യകമാരിൽനിന്ന് തനിക്ക് ഭാര്യയെ പിടിച്ച് ബെന്യാമീൻ ദേശത്തേക്ക് പൊയ്ക്കൊൾവിൻ” എന്ന് കല്പിച്ചു. 22 അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽവന്ന് പരാതി പറഞ്ഞാൽ ഞങ്ങൾ അവരോട്: “ഞങ്ങൾക്കുവേണ്ടി, അവരോട് ദയ ചെയ്യേണം; ഞങ്ങൾ പടയിൽ അവർക്ക് ആർക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; ശപഥം സംബന്ധിച്ച് കുറ്റക്കാരാകുവാൻ, നിങ്ങൾ ഇപ്പോൾ അവർക്ക് ഭാര്യമാരെ കൊടുത്തില്ലല്ലോ “എന്ന് പറഞ്ഞുകൊള്ളാം. 23 ബെന്യാമീന്യർ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം പിടിച്ച്, തങ്ങളുടെ അവകാശ ദേശത്തിലേക്ക് മടങ്ങിച്ചെന്ന് പട്ടണങ്ങളെ വീണ്ടും പണിത് അവയിൽ പാർത്തു. 24 ആ കാലയളവിൽ യിസ്രായേൽ മക്കൾ അവിടംവിട്ട് ഓരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ ഓരോരുത്തൻ അവരവരുടെ അവകാശഭൂമിയിൽ പാർത്തു. 25 ആ കാലത്ത് യിസ്രായേലിൽ ഒരു രാജാവുമില്ലായിരുന്നു; ഓരോരുത്തൻ സ്വന്തം ഇഷ്ടം അനുസരിച്ചു ജീവിച്ചു.