11 അപ്പോൾ യെഹിസ്കീയാവ്, യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കുവാൻ കല്പിച്ചു; 12 അങ്ങനെ അവർ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്ത് കൊണ്ടുവന്നു: ലേവ്യനായ കോനന്യാവ് അവയുടെ മേൽവിചാരകനും അവന്റെ സഹോദരൻ ശിമെയി രണ്ടാമനും ആയിരുന്നു. 13 യെഹിസ്കീയാ രാജാവിന്റെയും ദൈവാലയ പ്രമാണിയായ അസര്യാവിന്റെയും ആജ്ഞപ്രകാരം, യെഹീയേൽ, അസസ്യാവ്, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവ്, മഹത്ത്, ബെനായാവ് എന്നിവർ കോനന്യാവിന്റെയും അവന്റെ സഹോദരൻ ശിമെയിയുടെയും കീഴിൽ മേൽനോട്ടക്കാരായിരുന്നു. 14 കിഴക്കെ വാതിൽകാവല്ക്കാരനായിരുന്ന ലേവ്യനായ യിമ്നയുടെ മകൻ കോരേ, യഹോവയുടെ വഴിപാടുകളും അതിവിശുദ്ധവസ്തുക്കളും, ഔദാര്യ ദാനങ്ങളും വിഭാഗിച്ചുകൊടുക്കുന്ന മേൽവിചാരകനായിരുന്നു. 15 അവന്റെ കീഴിൽ, വലിയവരും ചെറിയവരുമായ തങ്ങളുടെ സഹോദരന്മാർക്ക് ക്രമമായി വിഭാഗിച്ച് കൊടുക്കുവാൻ, ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവ്, അമര്യാവ്, ശെഖന്യാവ് എന്നീ വിശ്വസ്തർ പുരോഹിതനഗരങ്ങളിൽ ഉദ്യോഗസ്ഥന്മാരായിരുന്നു. 16 മൂന്നു വയസ്സിനു മുകളിൽ വംശാവലിയിൽ പേര് ചേർത്തിരുന്ന പുരുഷന്മാരെയും, ദിനമ്പ്രതി ആവശ്യംപോലെ ഗണംഗണമായി താന്താങ്ങളുടെ ശുശ്രൂഷക്കായി 17 ആലയത്തിൽ വരുന്നവരെയും, പുരോഹിതന്മാരുടെ വംശാവലിയിൽ പിതൃഭവനക്രമം അനുസരിച്ച് പേരു ചേർക്കപ്പെട്ടവരെയും, ഇരുപതു വയസ്സിന് മുകളിൽ താന്താങ്ങളുടെ ശുശ്രൂഷയുടെ ക്രമപ്രകാരം പേരുചേർത്ത ലേവ്യരെയും, ഈ കൂട്ടത്തിൽനിന്നും ഒഴിവാക്കിയിരുന്നു. 18 സർവ്വസഭയിലുമുള്ള അവരുടെ കുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയിൽ പേര് ചേർക്കപ്പെട്ടവർക്കും കൂടെ ഓഹരി കൊടുക്കണ്ടതായിരുന്നു. അവർ വിശ്വസ്തതയോടെ തങ്ങളെ തന്നെ വിശുദ്ധീകരിച്ചുപോന്നു. 19 പട്ടണങ്ങളോട് ചേർന്ന പുൽപ്പുറങ്ങളിൽ പാർത്തിരുന്ന അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർക്കും, വംശാവലിയിൽ പേര് ചേർക്കപ്പെട്ട എല്ലാ ലേവ്യർക്കും ഓഹരി കൊടുക്കണ്ടതിന് ഓരോ പട്ടണത്തിലും പ്രത്യേകം ആളുകളെ നിയമിച്ചിരുന്നു. 20 യെഹിസ്കീയാവ് യെഹൂദയിൽ എല്ലയിടത്തും ഇവ്വണ്ണം ചെയ്തു; തന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യവും ആയ കാര്യങ്ങൾ പ്രവർത്തിച്ചു. 21 അവൻ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്റെ ദൈവത്തെ അന്വേഷിക്കേണ്ടതിന് ആരംഭിച്ച സകലപ്രവൃത്തിയിലും പൂർണ്ണഹൃദയത്തോടെ പ്രവർത്തിച്ച് അഭിവൃദ്ധിപ്പെട്ടു.
<- 2 ദിനവൃത്താന്തം 302 ദിനവൃത്താന്തം 32 ->